Saturday, May 23, 2009

കഥകളിമേളം: ചരിത്രം, വികാസം- ചില പ്രതിസന്ധികളും -രണ്ട്

പട്ടിക്കാന്തൊടിയുടെ കാലത്ത് കഥകളിമേളത്തിനു സംഭവിച്ച ശൈലീവത്ക്കരണത്തെകുറിച്ച് കഴിഞ്ഞ ഭാഗത്ത് ചര്‍ച്ച ചെയ്തിരുന്നുവല്ലൊ. തുടര്‍ന്നുള്ള കാലത്ത് കഥകളിമേളത്തിന്റെ കാര്യത്തിലുണ്ടായ ചില പ്രധാനപ്രതിസന്ധികള്‍ ഈ ഭാഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നു കരുതുന്നു.

കഥകളിമേളത്തെക്കുറിച്ചുള്ള തന്റെ നിലപാട് കോട്ടയ്ക്കല്‍ കുട്ടന്‍‌ മാരാര്‍‌ വിശദീകരിക്കുന്നു:

‘ചെണ്ടയും മദ്ദളവും ഒരുവിധം ആട്ടത്തിനൊപ്പിച്ചു കൊട്ടിയാല്‍ കാര്യമായില്ല. നടന്‍ അഭിനയിക്കുന്ന ഘട്ടങ്ങളും ആശയങ്ങളും ഗുരുലഘുത്വാദികളും മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നവനേ ശരിക്കും ഒരു കഥകളിമേളവിദഗ്ദ്ധനായി ഉയരാന്‍ കഴിയുകയുള്ളൂ. അതേ പ്രകാരംതന്നെ സംഗീതത്തിന് കോട്ടം തട്ടാതെയും എന്നാല്‍ നടന്‍ കാണിക്കുന്ന മുദ്രകള്‍ക്ക് ജീവസ്സുകൊടുത്തും പ്രവര്‍ത്തിക്കേണ്ടത് ഒരു മേളക്കാരന്റെ ചുമതലയാണ്.’ (‘കലാപ്രസാദം’ സോവനീര്‍)

മേളം അഭിനേതാവിന്റെ ആവിഷ്ക്കാരത്തോട് സൂക്ഷ്മമായി സഹവര്‍ത്തിക്കണമെന്ന ആദ്യവാചകത്തിലെ ആശയം പൊതുവേ വാദ്യകലാകാരന്മാരും ആസ്വാദകരും പങ്കുവയ്ക്കുന്നതാണ്. എന്നാല്‍ തുടര്‍ന്നുള്ള വരി മേളക്കാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്രശ്നത്തെ പ്രതിനിധീകരിക്കുന്നു. നടന്‍ കാണിക്കുന്ന മുദ്രകള്‍ക്ക് ജീവസ്സുകൊടുക്കുന്നതിനൊപ്പം സംഗീതത്തിന് കോട്ടം തട്ടാതെയും പ്രവര്‍ത്തിക്കണം എന്നതാണത്. ചെണ്ട, മദ്ദളം എന്നീ വാദ്യങ്ങളുടെ നാദപരമായ പ്രത്യേകതകളാണ് ഇതിനെ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്. തതം, അവനദ്ധം, ഘനം, സുഷിരം എന്നീ വാദ്യവിഭാഗങ്ങളെ വിവരിക്കുന്നിടത്ത് കുട്ടന്‍ മാരാര്‍ പറയുന്നു:

‘ഇവയെത്തന്നെ മൃദുവെന്നും ഘനമെന്നും രണ്ടായി തിരിക്കാം. വീണ, മൃദംഗം മുതലായവ മൃദുക്കളും ചെണ്ട, മദ്ദളം, ഇലത്താളം മുതലായവ ഘനവാദ്യങ്ങളുമാണ്...താണ്ഡവപ്രധാനമായ നൃത്തമാണ് കഥകളി. അതുകൊണ്ടായിരിക്കണം കഥകളിയില്‍ ഘനവാദ്യങ്ങളായ ചെണ്ട, മദ്ദളം, ഇലത്താളം മുതലായവ യോജിപ്പിച്ചിട്ടുള്ളത്.’

വളരെ ശ്രദ്ധേയമായ നിരീക്ഷണമാണിത്. കഥകളി താണ്ഡവപ്രധാനമായ നൃത്തമാണ് എന്നതിലുപരി ആ കലയുടെ അടിസ്ഥാനപരമായ സങ്കേതങ്ങള്‍ പൊതുവേ അതിയാഥാര്‍ത്ഥ്യപര(super realistic)മാണ്. അഭിനേതാവിന്റെ ശിരസ്സ്, മുഖം, ഉടല്‍, അരക്കെട്ട് എന്നിവ കിരീടം, ചുട്ടി, ചമയം, ഉടുത്തുകെട്ട് എന്നിവയിലൂടെ ഒരു അതിയാഥാര്‍ത്ഥ്യത്തിലേക്കു വളരുന്നുണ്ടല്ലൊ. മുദ്രകളും കലാശങ്ങളുമെല്ലാം ശൈലീവത്ക്കരണത്തിലൂടെ ഈ അവസ്ഥയിലേക്കെത്തുന്നു. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ ഉയര്‍ന്ന ശ്രുതിയിലുള്ള നാദം ഈ അതിയാഥാര്‍ത്ഥ്യത്തിന്റെ തലം പങ്കുവയ്ക്കുന്നതാണ്. എന്നാല്‍ ഗീതമോ?

സംഗീതരംഗത്ത് ഇരുപതാം നൂറ്റാണ്ടില്‍ പൊതുവെയും സമീപകാലത്തു പ്രത്യേകമായും സംഭവിച്ച ചെറുതല്ലാത്ത പരിണാമങ്ങള്‍ ഇതിനോടു ചേര്‍ത്തുവയ്ക്കണം. മൈക്രോഫോണിന്റെ ഉപയോഗം ഗായകരുടെ ശബ്ദത്തിന്റെ സൂക്ഷ്മമായ വിനിമയങ്ങളെപ്പോലും അനുഭവവേദ്യമാക്കുന്നതിനാല്‍ ശ്രുതി, സ്വരം, രാഗാവിഷ്കാരം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൈവന്നു. ചേങ്ങലയുടെ ശ്രുതിയിലാണ് പഴയ ഗായകര്‍ പാടിയിരുന്നത് എന്നു പറയാറുണ്ട്. ഇതു സത്യമോ കെട്ടുകഥയോ എന്ന് ഇന്നറിയാന്‍ മാര്‍ഗമില്ല. സത്യമാണെങ്കില്‍ത്തന്നെ മറ്റു വാദ്യങ്ങളുടെ ശ്രുതി അതിനോടിണങ്ങിയിരുന്നതെങ്ങനെ എന്നതും സംശയകരമാണ്. ശബ്ദത്തിന്റെ സൂക്ഷ്മവ്യതിയാനങ്ങള്‍‌പോലും ശ്രദ്ധിച്ച് ഇതരസംഗീതപദ്ധതികളെപ്പോലെ ശ്രുതിപ്രധാനമായിത്തീര്‍ന്ന കഥകളിപ്പാട്ടിന് ഇതരഘടകങ്ങളില്‍നിന്നു വേറിട്ട ഒരു സ്വതന്ത്രാസ്തിത്വം കൈവന്നു. പക്ഷേ അപ്പോഴാണ് ഒരു പ്രധാനപ്രശ്നമുദ്ഭവിച്ചത്. ശ്രുതിപ്രധാനമായതോടെ വാദ്യങ്ങളുടെ ഉയര്‍ന്ന ശ്രുതികളും (വാദ്യങ്ങളുടെ ശ്രുതി തമ്മില്‍ത്തന്നെ ചേരാത്തതിനാല്‍ ബഹുവചനം അനിവാര്യമാകുന്നു) ഗാനത്തിന്റെ ശ്രുതിയും തമ്മിലുള്ള വൈരുദ്ധ്യം പണ്ടത്തെക്കാള്‍ അധികമായിത്തീര്‍ന്നു. മനുഷ്യശബ്ദത്തിന്റെ യാഥാര്‍ത്ഥ്യവും മറ്റു ഘടകങ്ങളിലെ അതിയാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യം ഇവയുടെ ഇഴപ്പൊരുത്തത്തിനു വേണ്ടിയുള്ള വാദങ്ങള്‍ക്ക് വെല്ലുവിളിയായി. ഈ പ്രശ്നം പരിഹരിക്കുവാന്‍ കേരളസംഗീതകര്‍ത്താവായ വി. മാധവന്‍ നായര്‍ (മാലി) രണ്ടു പരിഹാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

1. കഥകളിയില്‍നിന്ന് ചെണ്ടയെ ബഹിഷ്കരിക്കുക.

2. കുറച്ചുകൂടി കുറഞ്ഞ ശ്രുതിയുള്ള ചെണ്ടയുണ്ടാക്കി ഉപയോഗിക്കുക.

കത്തി, താടി വേഷങ്ങളുടെ തിരനോട്ടവും ശ്ലോകങ്ങളും തിരശ്ശീലയുമെല്ലാം ഒഴിവാക്കി അതിനാടകീയമായ ഭാവാവിഷ്കാരത്തിനും അതിനിണങ്ങുന്ന സംഗീതത്തിനും പ്രാധാന്യം നല്‍കി ശ്രീ. മാധവന്‍ നായര്‍തന്നെയെഴുതിയ കര്‍ണശപഥം ആട്ടക്കഥ അസാമാന്യമായ ജനപ്രീതി നേടിയ ഘട്ടമാണതെന്നും മറന്നുകൂടാ. ലോകധര്‍മിയെ കാംക്ഷിച്ചുനില്‍ക്കുന്ന ഘടകങ്ങള്‍ കഥകളിയെ കീഴ്പ്പെടുത്തുമെന്നു തോന്നിച്ച കാലം. കഥകളിയുടെ സങ്കേതപ്രധാനമായ ഘടകങ്ങള്‍ ഒന്നൊന്നായി അരങ്ങവതരണങ്ങളില്‍ കൊഴിഞ്ഞുപോകുമെന്നു തോന്നിച്ച കാലം. ചില കലാകാരന്മാരുടെ പരിഷ്കരണചിന്തകളിലൂടെ ഈ ലോകധര്‍മിഘടകങ്ങള്‍ കളരികളെപ്പോലും ബാധിക്കുമെന്നു ഭയപ്പെട്ട കാലം. അപ്പോഴും ഭാഗ്യവശാല്‍ കോട്ടയം കഥകളും സുഭദ്രാഹരണവുമെല്ലാം കഥകളിക്കളരികളില്‍ കുറെയെങ്കിലും ഭദ്രമാക്കി നിലനിര്‍ത്തിയ ആചാര്യന്മാര്‍ക്കു നന്ദി പറയുക. കര്‍ണശപഥത്തില്‍പ്പോലും ശ്ലോകവും തിരശ്ശീലയും കത്തിയുടെ തിരനോക്കും മടങ്ങിവന്നതും ഓര്‍മിക്കാം.

‘ആദ്യത്തെ പരിഹാരം വളരെ സൂക്ഷിച്ചു ചെയ്യണം. ചെണ്ടയില്ലെങ്കില്‍ കഥകളി കഥകളിയാവില്ല’ എന്ന് വി. മാധവന്‍ നായര്‍‌തന്നെ മുന്നറിയിപ്പുതരുന്നുണ്ട്. ഇതില്‍ ആദ്യത്തെ വാചകത്തിലുള്ള രീതിയില്‍ ഒരു സൂക്ഷ്മപരിഹാരത്തിന് ഏതായാലും മാലിക്കുതന്നെ മുന്നോട്ടുപോകാനാവാത്തത് രണ്ടാം വാചകത്തിന്റെ രീതിയില്‍ അദ്ദേഹത്തില്‍ത്തന്നെ ബാക്കിയായ വിവേകത്തിന്റെ സൂചനയായിക്കരുതാം. അതുകൊണ്ടുതന്നെ അതൊരു പരിഹാരമേ അല്ലാതായിത്തീരുന്നു. രണ്ടാമത്തേത് പ്രായോഗികമാണെന്നാണ് അദ്ദേഹം കരുതുന്നത്. കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ ഡോ. ടി. എസ്. മാധവന്‍‌കുട്ടി ‘നല്ലവണ്ണം വലിച്ചുമൂപ്പിച്ച ചെണ്ട’യില്‍ കേള്‍ക്കുന്ന നാദത്തെക്കുറിച്ച് ഹരംകൊണ്ട് സംസാരിച്ചത് ഓര്‍മിയ്ക്കുമല്ലൊ. കഥകളിസംഗീതത്തിന്റെ രക്ഷയ്ക്കായി തല്‍ക്കാലം അതു മാറ്റിവയ്ക്കാമെന്നുമിരിക്കട്ടെ. അപ്പോഴും കഥകളിസംഗീതത്തെ അതിന്റെതന്നെ ഉള്ളിലുള്ള ശത്രുവില്‍‌നിന്നു രക്ഷപ്പെടുത്താനുള്ള തിരക്കില്‍ കര്‍ണശപഥകര്‍ത്താവ് മറന്നുപോകുന്ന ഒരു പ്രധാനകാര്യം കഥകളിയിലെ വാദ്യങ്ങളുടെ ധര്‍മമാണ്. കുമ്മിണി വാസുദേവന്‍ നമ്പൂതിരി ഓര്‍മിപ്പിക്കുന്നു:

‘ചെണ്ടമദ്ദളങ്ങള്‍ പാട്ടിനല്ല വായിക്കേണ്ടത്; ആട്ടത്തിനാണ്.’ (കുമ്മിണിയുടെ തെരഞ്ഞടുത്ത കൃതികള്‍)

പാട്ടിനു വായിച്ചാലുമില്ലെങ്കിലും ആട്ടത്തിനു കൊട്ടണമെന്നത് ഏതായലും നിര്‍ബന്ധമാണ്. പദത്തിനു ശേഷമുള്ള ആട്ടത്തിനു ഗീതത്തെ ഉപദ്രവിക്കുന്ന പ്രശ്നവും വരുന്നില്ല. എന്നാല്‍ ആട്ടമെന്നത് പദത്തിനിടയിലും സംഭവിക്കുന്നുണ്ട്. അപ്പോള്‍ വാദകര്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല കഥകളിസംഗീതംതന്നെ സവിശേഷമായ ഒരുതരം കാല്പനികമായ ഭാവാവിഷ്കാരത്തിലേക്കു പരിണമിച്ച ഘട്ടത്തില്‍ കഥകളിപ്പദങ്ങള്‍ക്ക് ഒരു സ്വതന്ത്രാസ്തിത്വം‌തന്നെ കൈവന്നു. കഥകളിപ്പദക്കച്ചേരികള്‍ പ്രചാരത്തില്‍ വന്നതും അതിനു വയലിന്‍, മൃദംഗം തുടങ്ങിയ വാദ്യങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതും ഇവിടെയോര്‍മിക്കാം. കഥകളിപ്പദക്കച്ചേരിയും കഥകളിയും രണ്ടാണെന്ന ബോധ്യം ഗായകര്‍ക്കും ആസ്വാദകര്‍ക്കും ഉള്ളിടത്തോളം കാലം, അതു കഥകളിയെ നേരിട്ടുബാധിക്കാത്തതുകൊണ്ട് തല്‍ക്കാലം മാറ്റിവയ്ക്കുകയും ചെയ്യാം.

അപ്പോഴും, കഥാപാത്രങ്ങളുടെ മൂര്‍ത്തമായ സാന്നിധ്യത്തിലും, കഥകളിസംഗീതം അഭിനയത്തിനൊപ്പമോ അഭിനയത്തെക്കവിഞ്ഞോ പ്രധാനമാകുന്ന നിരവധി രംഗങ്ങള്‍ സമകാലികമായ കഥകളിയവതരണങ്ങളിലുണ്ട്. നടന്മാര്‍ക്കു ശരീരംകൊണ്ടു ചെയ്യേണ്ട വൃത്തികള്‍ കുറയുകയും അപ്പോഴും മുദ്രകളിലൂടെയുള്ള ആഖ്യാനം തുടരുകയും ചെയ്യേണ്ടിവരുമ്പോള്‍, പദാവതരണസമയത്തുള്ള മേളത്തിന്റെ ആവിഷ്ക്കാരം എങ്ങനെ വേണമെന്ന പ്രതിസന്ധി സജീവമായി നിലനില്‍ക്കുന്നുണ്ട്. ഈ ഘട്ടങ്ങളില്‍ കഥകളിക്ക് പൊതുവായ ഒരു പദ്ധതിയെന്നതിനപ്പുറം ഓരോ മേളക്കാരന്റെയും സ്വന്തം കലാസങ്കല്പങ്ങള്‍ക്കനുസരിക്കനുസരിച്ച് കളിക്കൊട്ട് വ്യത്യസ്തമാകുന്നു. ചിലര്‍ പദാവതരണസമയത്ത് പരമാവധി വാദ്യനിശ്ശബ്ദത പാലിക്കുകയും അതിനു മുന്‍പും പിന്‍പുമുള്ള ആട്ടങ്ങള്‍ക്ക് സജീവമായി കൂടുകയും ചെയ്യുന്നു. ചമ്പടയിലെ സാധാരണകലാശങ്ങള്‍ക്കൊപ്പമുള്ള ഇരട്ടിയില്‍ പദം പാടുമ്പോള്‍ത്തന്നെ നിര്‍വഹിക്കുന്ന നടന്റെ കരണങ്ങള്‍ക്കുപോലും മേളം പലപ്പോഴും നിശ്ശബ്ദമാകുന്നു. ചിലര്‍ പദാവതരണസമയത്തെ മുദ്രകള്‍ക്കു പൊതുവായി ഒതുക്കിക്കൊട്ടുകയും ഇരട്ടിപോലുള്ള സമയങ്ങളില്‍ പദാവതരണസമയത്തുതന്നെ ശബ്ദമുയര്‍ത്തിക്കൊട്ടുകയും ചെയ്യുന്നു. ഇത്തരം രീതികളില്‍ ഏതാണു ശരിയെന്ന പ്രശ്നം കലാകാരന്മാരുടെയും ആസ്വാദകരുടെയും വൈയക്തികമായ കലാബോധത്തിനനുസരിച്ചു വ്യത്യസ്തമാവുകയും ചെയ്യുന്നു. പക്ഷേ ഇക്കാര്യങ്ങളില്‍ കലയെന്ന നിലയില്‍ കഥകളി അതിന്റെ സൌന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായി മുന്നോട്ടുവയ്ക്കുന്ന പ്രായോഗികമായ പദ്ധതിയെന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍ കോട്ടയം കഥകളുള്‍പ്പെടെയുള്ള സങ്കേതപ്രധാനമായ കഥകളുടെ രീതിശാസ്ത്രമെന്തെന്നും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
(തുടരും)

13 comments:

  1. പട്ടിക്കാന്തൊടിയുടെ കാലത്ത് കഥകളിമേളത്തിനു സംഭവിച്ച ശൈലീവത്ക്കരണത്തെകുറിച്ച് കഴിഞ്ഞ ഭാഗത്ത് ചര്‍ച്ച ചെയ്തിരുന്നുവല്ലൊ. തുടര്‍ന്നുള്ള കാലത്ത് കഥകളിമേളത്തിന്റെ കാര്യത്തിലുണ്ടായ ചില പ്രധാനപ്രതിസന്ധികള്‍ ഈ ഭാഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നു കരുതുന്നു.

    ReplyDelete
  2. മനോജ്,
    ചിന്താർഹമായ രണ്ടാം ഭാഗം.
    അതിയാഥാർത്ഥ്യപ്രതലവും,അതനുസരിച്ചുള്ള പരിപ്രേക്ഷ്യവുമുൾക്കൊള്ളുന്ന കഥകളിക്കനുരൂപമായ ശബ്ദപ്രപഞ്ചം സൃഷ്ടിക്കാൻ ചെണ്ട ഉതകുന്നു എന്ന നിരീക്ഷണം നന്നായി.മനുഷ്യസാമാന്യതയിൽ നിൽക്കുന്ന സംഗീതവുമായുള്ള ശ്രുതിയിലെ കലക്കം,എന്നും കഥകളിയുടെ പ്രശ്നമാണു താനും.എന്റെ അഭിപ്രായം,മനുഷ്യസാമാന്യമായ സംഗീതവുമല്ല കഥകളി ആവശ്യപ്പെടുന്നത് എന്നതാണ്.കുറുപ്പിന്റെ പാട്ടിന്റെ യഥാർത്ഥസവിശേഷത അതായിരുന്നല്ലോ.ഉയർന്ന ശ്രുതിയിൽ,അതിയാഥാർത്ഥ്യതലത്തോടു ഇഴചേരുന്ന സംഗീതമാണ് എങ്കിൽ,അത്രമേൽ ശ്രുതിയുടെ കലക്കം പ്രശ്നാനുഭവമാകാറില്ല.അല്ലാതാകുമ്പോഴാണു പ്രശ്നം.കർണ്ണശപഥത്തിലെപ്പോലെ,8മാത്രച്ചെമ്പടയിൽ ഓട്ടൻ‌തുള്ളലിനെന്ന പോലെ എഴുതിയ വരികൾ അതികാൽ‌പ്പനികമായ ഒരു സംഗീതഭാഷയിൽ പാടിയാൽ,അതിനു ചെണ്ട ഇണങ്ങില്ല.ആരെല്ലാമതുചെയ്തു എന്ന് ഞാൻ ഉദാഹരിക്കേണ്ടതില്ലല്ലോ:)
    മൂന്നുകട്ടയിലേക്ക് ശ്രുതി ഉയർത്തി ഗായകർ പാടുകയാണ് പ്രതിവിധി എന്ന് കൃഷ്ണൻ‌കുട്ടിപ്പൊതുവാൾ നിരീക്ഷിക്കുന്നുണ്ട്(മേളപ്പെരുക്കം:കഥകളിസംഗീതം).
    എന്തായാലും,ആ അപായകരമായ കാലം അതിജീവിച്ചതിൽ ആശ്വസിക്കാം.90കളിൽ ബോധപൂർവ്വം നടന്ന കോട്ടയം കഥകളുടെ ഒരു നവജാഗരണപ്രവർത്തനത്തേയും അക്കാര്യത്തിൽ നന്ദിയോടെ ഓർക്കേണ്ടതുണ്ട്.“കാറൽമണ്ണ ശിൽ‌പ്പശാലക്കുശേഷമുണ്ടായ വ്യക്തമായ പുരോഗതിക്കുശേഷം”എന്ന് ഉപന്യാസഭാഷയിൽ പറയാം.:)
    കഥകളിമേളത്തിന്റെ വ്യത്യസ്തധാരകളെ നിരീക്ഷിച്ചതും നന്നായി.അതു വിപുലായ വിഷയാണ്.ഉദാഹരണസഹിതം ഓരോ പ്രതിഭകളുടെയും വാദനമാർഗത്തെ അപഗ്രഥിച്ചാൽ,അതുതന്നെ മികച്ചൊരു പഠനാവും എന്നു തോന്നുന്നു.
    അപ്പൊ,ഇതുപോലെ വേഗം വരട്ടെ,അടുത്ത ഭാഗവും:)

    ReplyDelete
  3. സത്യത്തിൽ ഇതുകൊണ്ടൊക്കെയാ ഞാൻ മാടമ്പിസംഗീതത്തെ വല്ലാതങ്ങുസ്നേഹിച്ചത് എന്നു തോന്നുന്നു.അനുനാസികാതിപ്രസരമുള്ള,അമാനുഷികമാനമുള്ള ശബ്ദം.കഥകളിയുടെ ആകമാനീയതയോട് ഇണങ്ങുന്ന സംഗീതഭാഷ.അടച്ചും തുറന്നും ചേങ്ങില പിടിക്കുന്ന കളരിപാഠത്തിന്റെ അച്ചടക്കം.സമ്പ്രദായശുദ്ധിയാർന്ന സംഗതികൾ.അപൂർവ്വരാഗങ്ങളുടെ പ്രദർശനവേദിയല്ല,സബ്ടിലായ,ചേതോഹരങ്ങളായ രാഗഭംഗികളാണ് കളിയരങ്ങിന്റെ സാഫല്യമെന്ന തിരിച്ചറിവ്.ഒരുതരം പ്രാക്തനമായ ഗേയമാർഗം.(ചിലപ്പൊ,മുറുക്കാൻ വായിലിട്ടൊക്കെ പാടും:)
    നമ്മുടെ വാഗ്ഗേയകാരന്മാർക്ക് അദ്ദേഹത്തെപ്പറ്റിയൊന്നും ഒന്നും എഴുതാനില്ലാതായതാണു കഷ്ടം.

    ReplyDelete
  4. ശരിയാണു വി. ശീ., അതിയാഥാര്‍ഥ്യതലത്തെ പങ്കുവയ്ക്കുന്ന സംഗീതമേ കഥകളിക്കു പറ്റൂ. നേരത്തെ പറഞ്ഞ ജനപ്രിയകഥകളില്‍ കര്‍ണശപഥമൊഴിച്ചുള്ളവയില്‍ (കുറുപ്പാശാന്‍ അത് അപൂര്‍വമായേ പാടിയിട്ടുള്ളൂ. എന്തുകൊണ്ടാണെന്നറിയില്ല) ഉണ്ണികൃഷ്ണക്കുറുപ്പ് നല്‍കിയ കഥകളിത്തം ഈ തലം പങ്കു വയ്ക്കുന്നതുകൊണ്ടുകൂടിയാണ്. മാടമ്പിയാശാന്‍ അത്തരം കഥകള്‍ ആവശ്യപ്പെടുന്ന ഭാവഗീതപരതയില്‍ താല്പര്യമില്ല. എമ്പ്രാന്തിരിയാശാന്റെ ഘനശാരീരം അതിനും ഇണങ്ങിയതായിരുന്നു. പക്ഷേ അദ്ദേഹം ഈ അതിയാഥാര്‍ഥ്യബോധത്തിനുപകരം ഭാവഗീതസ്വഭാവത്തിലാണല്ലൊ ശ്രദ്ധയൂന്നിയത്. ഇപ്പോഴുള്ളവരില്‍ കോട്ടയ്ക്കല്‍ നാരായണന്റെ സംഗീതം പലപ്പോഴും ഈ തലത്തിലേക്കെത്തുന്നതായി തോന്നാറുണ്ട്. പക്ഷേ അപ്പോഴും, ചിട്ടക്കഥകള്‍ പാടുമ്പോള്‍പ്പോലും ഭാവഗീതപരമായ മൃദുസ്വരത്തിനാണല്ലൊ ഇന്നത്തെ മിക്ക ഗായകരും ശ്രദ്ധ വയ്ക്കുന്നത്. ഉച്ചശ്രുതിയില്‍ നേര്‍ത്ത ശബ്ദത്തിനായാലും ഘനഗംഭീരമായ ശബ്ദത്തില്‍ താഴ്ന്ന ശ്രുതിയിലായാലും നാട്യധര്‍മിത്വം കൂടും എന്നു തോന്നാറുണ്ട്. മധ്യമകാലം, മധ്യസ്ഥായി, മധ്യമശ്രുതി എന്നിങ്ങനെ എല്ലാം മധ്യമമാകുമ്പോഴാണ് പ്രശ്നം :)ഇവിടെ പറഞ്ഞുവന്നതു കൂടുതലും മേളത്തെപ്പറ്റിയാകയാല്‍ ഗായകരിലേക്ക് അധികം ശ്രദ്ധയൂന്നണ്ടെന്നുവച്ചു. എങ്കിലും പറഞ്ഞുവരുമ്പോള്‍ അതുകൂടി പറയാതെ പറ്റില്ലല്ലൊ:)

    ReplyDelete
  5. മധ്യമകാലം, മധ്യസ്ഥായി, മധ്യമശ്രുതി എന്നിങ്ങനെ എല്ലാം മധ്യമമാകുമ്പോഴാണ് പ്രശ്നം :)
    ഹഹഹ...അതുകലക്കിമനോജേ.
    കുറുപ്പിനെ കർണ്ണശപഥം കാണാതെ പഠിപ്പിക്കാൻ പലരും കുറേനോക്കിയതാ.അദ്ദേഹം അതു പഠിച്ചില്ല. “എനിക്കല്ലാതെത്തന്നെ പാടാൻ കഥകളുണ്ട്”എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.എപ്പൊഴോ കലാനിലയം ഉണ്ണികൃഷ്ണന്റെ അടുത്തുനിന്ന് അതു പഠിച്ചെടുക്കാൻ പിന്നെ കുറുപ്പാശാൻ പോയി എന്നുകേട്ടിട്ടുണ്ട്.എന്നിട്ടും പഠിച്ചതൊന്നുമില്ല:)

    ReplyDelete
  6. This discussion make me remember the annoyance that the singer Kalamandalam Haridas often expressed towards many melam artists. Obviously, he wasn´t against the presence of chenda or maddalam, or even that they were supporting the actor. As Kuttan Marar said, melam should not distroy the ´layam´ built my the ponnani musician. Among the present day artists, Cherpulassery Sivan and Kalamandalam Balaraman are ideal examples for conserving the layam and accompanying the actor sensefully.

    ReplyDelete
  7. അതെ വി.ശീ., കുറുപ്പാശാന്‍ കര്‍ണശപഥം അരങ്ങത്തു പാടുന്നത് കേട്ടിട്ടില്ല. പക്ഷേ ആരുടെയോ കൈയില്‍നിന്ന് ഒരു കാസറ്റ് കേട്ടിട്ടുണ്ട്. ചെലപ്പൊ പാലനാട് ദിവാകരേട്ടന്റെ കൈയില്‍ കാണും :)

    പ്രിയ രാ (? :)) ശരിയാണ്. ഹരിദാസേട്ടന്‍ പ്രകടിപ്പിച്ചിരുന്ന ആ അസ്വസ്ഥത സ്വാഭാവികമാണ്. പക്ഷേ അദ്ദേഹത്തിന്റെ സംഗീതം അത്രത്തോളം ഇഷ്ടപ്പെട്ടുകൊണ്ടുതന്നെ ആ അസഹിഷ്ണുതയോട് ഞാന്‍ വിയോജിക്കട്ടെ :( പൊന്നാനിപ്പാട്ടിനു വട്ടംവയ്ക്കുകമാത്രം ചെയ്യുന്ന സ്ഥലങ്ങളില്‍ ചെണ്ടയ്ക്ക് പാട്ടുമായി അധികം കലഹിക്കേണ്ടിവരില്ല. പക്ഷേ അല്ലാതെ എത്രയോ സ്ഥലങ്ങളില്‍ ചില മുദ്രകള്‍ക്ക് കനംകൊടുത്തുതന്നെ കൂടേണ്ടിവരും! ഒരുദാഹരണം സ്വന്തം അനുഭവത്തില്‍നിന്നു പറയുന്നതു തെറ്റിദ്ധരീക്കരുതേ. ഒരിക്കല്‍ ഒരു നളചരിതം മൂന്നാംദിവ്വസം വെളുത്ത നളന് ഹരിദാസേട്ടന്റെ പാട്ടിനോടൊപ്പം ചെണ്ടയ്ക്കുകൂടേണ്ടിവന്നു. വലിയ വൈകാരികസംഘര്‍ഷമുള്ള ആ പദങ്ങളില്‍ മുദ്രയ്ക്കു കൂടുന്നതു പതുക്കെയാക്കിയപ്പോള്‍ നടന്‍ കുറച്ചുകൂടി അമര്‍ത്തിക്കൊട്ടാന്‍ സൂചനതരുന്നു. ചെണ്ടക്കോല്‍ ചെണ്ടയില്‍ തൊട്ടാലുടന്‍ ഹരിദാസേട്ടന്‍ മുഖം വീര്‍പ്പിക്കുന്നു :)പെട്ടുപോയി എന്നല്ലാതെ എന്തു പറയാന്‍! അന്ന് ഹരിദാസേട്ടന്റെ കടുത്ത ആരാധകനായിരുന്ന ഞാന്‍ ഏതായാലും അദ്ദേഹത്തെത്തന്നെ കൂടുതല്‍ അനുസരിച്ചു. പക്ഷേ അതു ശരിയായിരുന്നുവെന്ന് ഞാന്‍ അന്നും ഇന്നും‍ കരുതുന്നില്ല. ബലരാമേട്ടനും ശിവാശാനും പറ്റുന്നുണ്ടാവാം. പക്ഷേ എത്ര സ്ഥലത്തു പറ്റും എന്ന സംശയം തീരുന്നില്ല. കാരണം അതു വാദ്യത്തിന്റെയും ഗീതത്തിന്റെയും അടിസ്ഥാനപരമായ ശ്രുതിപ്രശ്നമാണ്. കലാകാരന്മാരുടെ കഴിവിന്റെമാത്രം പ്രശ്നമല്ല. ഓരോ കലാകാരനെയുമെടുത്ത് വിശകലനം ചെയ്യാന്‍, തുറന്നു പറയട്ടെ, എനിക്കു പരിമിതിയുണ്ട് :(
    കുട്ടന്‍ മാരാരാശാന്റെ വാചകത്തോട് തത്വത്തില്‍ യോജിക്കുമ്പോള്‍ത്തന്നെ പ്രായോഗികവശത്തേക്കു വരുമ്പോള്‍ പ്രശ്നങ്ങളുണ്ട് എന്നുതന്നെയാണ് എന്റെ അഭിപ്രായം.

    ReplyDelete
  8. മനോജേ, ഇത്രയുമൊക്കെ എഴുതിയില്ലേ. എന്നാല്‍ കുറച്ചും കൂടി എഴുതിക്കൂടെ?

    ReplyDelete
  9. പ്രിയ രാ, നന്ദി. പക്ഷേ പലതരം തിരക്കുകള്‍. പിന്നെ, തുറന്നു പറയാമല്ലൊ, വൈയക്തികമായ വിദ്വേഷങ്ങള്‍ക്കിടയിലിരുന്നുകൊണ്ട് കലകളെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ ബുദ്ധിമുട്ടാണ്. ഈ ലേഖനത്തിന്റെ ബാക്കി ‘കഥകളിമേളവും കോട്ടയം കഥകളും’ എന്ന പേരില്‍ ഇരിങ്ങാലക്കുട കഥകളിക്ലബ്ബിന്റെ 2007 ലെ സുവനീറില്‍ കാണാം. ഏതായാലും ഈ ബ്ലോഗിലെ പോസ്റ്റിങ്ങും മറ്റു ബ്ലോഗുകളിലെ കഥകളിചര്‍ച്ചകളും ഞാന്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണ്. കൂടെ നിന്നവര്‍ക്കൊക്കെ നന്ദി.

    ReplyDelete
  10. മാ കുരു സാഹസം ! മാ കുരു സാഹസം !
    ആരാധകര്‍ ഞങ്ങളില്ലയോ ?

    ReplyDelete
  11. നിപ്പൊ സുവനീർ തപ്പിയെടുക്കണല്ലോ ഈശ്വരാ!
    ബ്ലൊഗിലാവുമ്പോൾ വ‍ായിയ്ക്കാനെളുപ്പണ്ട്.
    അതുകൊണ്ട് തിരുമാനത്തിന് മ്‍ാറ്റമുണ്ടാവും എന്നു പ്രതീക്ഷിയ്കുന്നു.
    :)

    ReplyDelete
  12. സമയമായില്ല പോലും ?
    സമയമായില്ല പോലും !
    ക്ഷമയെന്റെ മനസ്സില്‍
    നിന്നൊഴിഞ്ഞു പോയി...

    ReplyDelete
  13. ‘ചെണ്ടമദ്ദളങ്ങള്‍ പാട്ടിനല്ല വായിക്കേണ്ടത്; ആട്ടത്തിനാണ്.’

    please tell what is kathakali and what is aattam.

    ReplyDelete